Friday, 3 April 2015

തെറ്റും ശരിയും



എന്താണ്‌ തെറ്റ് എന്താണ്‌ ശരി? നമ്മുടെ സൗകര്യപ്രദം വളച്ച് ഒടിക്കാവുന്ന ഒന്ന് ആണ്‌ തെറ്റും ശരിയും ഇന്നത്തേ തെറ്റ് നാളത്തേ ശരി ആകാം. എന്റെ ശരി നിങ്ങളുടെ തെറ്റ് ആകാം. അമേരിക്കയിലെ ശരി നമ്മുടെ നാട്ടിലെ തെറ്റ് ആകാം.എന്റെ മതത്തിലെ ശരി മറ്റൊരു മതത്തിലെ തെറ്റ് ആകാം. ഇന്ന് ഞാൻ ചെയ്ത തെറ്റ് നാളെ, മറ്റൊരാൾ ചെയ്യുമ്പോൾ ശരി ആയി മാറും. അപ്പോൾ എന്താണ്‌ തെറ്റ് എന്താണ്‌ ശരി?

നുണ പറയരുത് എന്ന് കുഞ്ഞുന്നാളിൽ എന്നെ പഠിപ്പിച്ച ടീച്ചർ എന്നോട് പറഞ്ഞ് തന്നില്ല, മുതിർന്നവർ നുണ പറഞ്ഞാൽ അത് തെറ്റ് അല്ല എന്ന്. വളർന്നപ്പോൾ ആദ്യം പഠിച്ച പാഠം ഞാനും എന്റെ ഇഷ്ട്ടപ്രകാരം വളച്ച് ഒടിച്ചു. നിർദോഷമായ നുണകൾ പറയാം, അപ്രിയ സത്യങ്ങൾ പറയരുത് എന്നൊക്കെ ആയി മാറി.

ഏട്ടൻ ചൂളം വിളിക്കുന്നത് കേട്ടിട്ടാണ്‌ ഞാൻ ചൂളം വിളിക്കാൻ പഠിച്ചത്.അത് ആൺകുട്ടികൾ ചെയ്യുംമ്പോൾ തെറ്റ് ഇല്ല. പെൺകുട്ടികൾ ചെയ്യുമ്പോൾ ആണ്‌ തെറ്റ് എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ ആണ്‌ ഞാൻ അറിഞ്ഞത്.പിന്നീട് ഏതോ വേദിയിൽ ഒരു കൊച്ചു സുന്ദരി സിനിമ ഗാനം ചൂളം വിളിച്ച് കയ്യടി നേടിയത് ഞാൻ കണ്ടു നിന്നു.

തലയിൽ തട്ടമില്ലാതെ നടക്കുന്നത് തെറ്റ് ആണ്‌ എന്നാണ്‌ സുഹറ പറഞ്ഞത്. എന്നാൽ ഞാൻ തട്ടമിട്ടത് അമ്മ വിലക്കി.മതം മാറുന്നതിന്‌ അനുസരിച്ച് തെറ്റ് ശരിയാവുകയും, ശരി തെറ്റാവുകയും ചെയ്യും.

മഹാഭാരതയുദ്ധം തുടങ്ങാൻ നേരം, ദുര്യോധനനും അർജുനനും ശ്രീക്യഷണനെ കാണാൻ വന്ന കഥ എല്ലാവരും കേട്ട് കാണുമല്ലൊ. ഇന്നുവരെ ആരും ക്യഷണനെ ചതിയൻ എന്ന് വിളിച്ച് കേട്ടിട്ടില്ല.ശരിയ്ക്കും ചതി ആയിരുനില്ലേ?. കാൽ ചുവട്ടിൽ ഇരിക്കുന്നത് വിനയത്തിന്റെയും, തലപത്ത് അഹങ്കാരത്തിന്റെയും ലക്ഷണമായത് എന്ന് മുതലാണ്‌.
പാഞ്ചാലി...ഒരു സ്ത്രീയ്ക്ക് അഞ്ച് ഭർത്താക്കന്മർ. ഇന്ന് അത് ചിന്തിക്കാൻ കൂടി വയ്യ.പക്ഷേ ഇത് ചോദ്യം ചെയ്യപെട്ട് കണ്ടിട്ടില്ല.കാലം മാറി. ശരി തെറ്റായി.

ഒന്നു ചോദിച്ചോട്ടെ. ഈ ലോകത്തിൽ എന്താണ്‌ തെറ്റ്, എന്താണ്‌ ശരി.?മാറിക്കൊണ്ടിരിക്കുന്ന തെറ്റും ശരിയും എന്നെ പഠിപ്പിച്ച പാഠം. എല്ലവരും ചെയ്യുന്ന തെറ്റുകളിലും അവർക്ക് പറയാൻ ഒരു ശരി കാണും. എല്ലവരും ചെയ്യുന്ന ശരികളിൽ മറ്റുള്ളവർക്ക് പറയാൻ ഒരു തെറ്റ് ഉണ്ടാകും.



Kalika




എഴുതാൻ എനിക്ക് അറിയില്ല, എന്നിരുന്നാലും എഴുതാൻ എനിക്ക് ഇഷ്ട്ടമാണ്‌.